ഗെയ്‌ൽ ‘പദ്ധതി നടപ്പാക്കി’; പഞ്ചാബിന് വിജയം വന്നു

ഷാർജ> കരുതലോടെയായിരുന്നു കരീബിയൻ കരുത്ത് തുടങ്ങിയത്. മോശം പന്തുകൾ തെരഞ്ഞുപിടിച്ച് ശിക്ഷിച്ച്, നിലയുറപ്പിച്ചതിന് ശേഷം കടന്നാക്രമിച്ച് ക്രിസ്‌ ഗെയ്‌ൽ സീസണിലെ തന്റെ ആദ്യമത്സരം ഗംഭീരമാക്കി. വിക്കറ്റുകൾ അനാവശ്യമായി വലിച്ചെറിഞ്ഞ് സമ്മർദ്ദത്തിലാകാതിരിക്കാനുള്ള പദ്ധതികൾ കളത്തിൽ കൃത്യമായി നടപ്പാക്കിയപ്പോൾ പഞ്ചാബ് ക്യാമ്പിലേക്ക് വിജയം തിരിച്ചെത്തി.

ക്രിസ് ഗെയിലും കെ എൽ രാഹുലും ബാറ്റിങ്ങിനിടെ

‘യൂണിവേഴ്‌സൽ ബോസ്‌’ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന വെസ്‌റ്റിൻഡീസ്‌ താരം 45 പന്തിൽ അഞ്ച്‌ സിക്‌സറും ഒരു ഫോറുമടക്കം 53 റണ്ണുമായി തകർത്താടിയപ്പോൾ കിങ്സ്‌ ഇലവൻ പഞ്ചാബ്‌ എട്ട്‌ വിക്കറ്റിന്‌ റോയൽ ചാലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെ തോൽപ്പിച്ചു. സ്‌കോർ: ബാംഗ്ലൂർ 6–171, പഞ്ചാബ്‌ 2–177.

ഏഴ്‌ കളിയിൽ ഒറ്റ ജയവുമായി അവസാന സ്ഥാനത്തായിരുന്ന പഞ്ചാബിന്‌ എട്ടാം മത്സരത്തിലെ വിജയം ഊർജം പകരും. അവസാന ഓവറിൽ കളി ആവേശകരമായി. പഞ്ചാബിന്‌ ജയിക്കാൻ വേണ്ടിയിരുന്നത്‌ രണ്ട്‌ റൺ. യുശ്‌വേന്ദ്ര ചഹാലിന്റെ ആദ്യ രണ്ട്‌ പന്തിലും ഗെയ്‌ലിന്‌ റൺ നേടാനായില്ല. മൂന്നാംപന്തിൽ ഒരു റൺ. നാലാംപന്തിൽ രാഹുലിന്‌ റൺ കിട്ടിയില്ല. അഞ്ചാംപന്തിൽ ഗെയ്‌ൽ റണ്ണൗട്ടായി. അവസാന പന്തിൽ നിക്കോളാസ്‌ പുരാൻ എല്ലാ സമ്മർദവും അതിജീവിച്ച്‌ സിക്‌സർ പറത്തി.

എട്ടോവറിൽ 78 റണ്ണടിച്ച ഓപ്പണർമാരുടെ പ്രകടനം  വിജയത്തിൽ നിർണായകമായി. മായങ്ക്‌ അഗർവാൾ 25 പന്തിൽ 45 റൺ നേടി.  ക്യാപ്‌റ്റൻ രാഹുൽ 49 പന്തിൽ 61 റണ്ണുമായി പുറത്താകാതെ നിന്നു.

അവസാന ഓവറിൽ മൂന്ന്‌ സിക്‌സറടക്കം 24 റണ്ണടിച്ച ക്രിസ്‌ മോറിസാണ്‌ (8 പന്തിൽ 25) ബാംഗ്ലൂരിന്‌ പൊരുതാനുള്ള സ്‌കോർ സമ്മാനിച്ചത്‌. കോഹ്‌ലി 48 റൺ നേടി.

Leave a Reply

Your email address will not be published. Required fields are marked *