കൊറോണ വ്യാപനം: ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി കണ്ണൂരില്‍ ജില്ലാകലക്ടര്‍

കണ്ണൂര്‍> കൊവിഡ് സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ ജില്ലാ ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ കലക്ടര്‍ ടി.വി സുഭാഷിന്റെ നേതൃത്വത്തില്‍ ബാങ്ക് മേധാവികളുമായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

പണം ഇടപാടുകള്‍ക്കായി ബാങ്കുകളില്‍ ഒരേ സമയം അഞ്ച് പേരെയോ, ബാങ്കിലെ ജീവനക്കാരുടെ എണ്ണവും സ്ഥല സൗകര്യവും പരിഗണിച്ച് അകത്തു പ്രവേശിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട ബാങ്ക് മാനേജര്‍മാര്‍ സ്വീകരിക്കണം. ബാങ്കില്‍ എത്തിച്ചേര്‍ന്ന ഇടപാടുകാര്‍ ബാങ്കിനുള്ളിലും പരിസരത്തും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും, ക്യൂ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ബാങ്കിലെ ഉദ്യോഗസ്ഥന് ചുമതല നല്‍കുകയും വേണം. ഇടപാടുകാര്‍ നില്‍ക്കേണ്ട സ്ഥലം ബാങ്കിനുള്ളിലും പുറത്തും പ്രത്യേകം മാര്‍ക്ക് ചെയ്യേണ്ടത് ആവശ്യമാണ്.

65 വയസ്സിനു മുകളിലുള്ളവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ബാങ്കുകളില്‍ അധികനേരം നില്‍ക്കേണ്ട സാഹചര്യം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതുമാണ്. ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍ എത്തിച്ചേരുന്ന സമയക്രമം മുന്‍കൂട്ടി അറിയിച്ച് ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം.

സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ക്കായി കുട്ടികള്‍ ബാങ്കുകള്‍ എത്തിച്ചേരുന്ന സാഹചര്യവും ഒഴിവാക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാവു. ബാങ്ക് അധികൃതരുടെ യോഗങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ബാങ്കുകള്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാവു എന്ന് കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *