‘ഏഷ്യാനെറ്റ് അധികൃതര്‍ ഞങ്ങളെ വന്ന് കണ്ടു’; ന്യൂസ് ചര്‍ച്ചകളില്‍ പങ്കെടുക്കും: കോടിയേരി

തിരുവനന്തപുരം> സിപിഐ എം പ്രതിനിധികള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏഷ്യാനെറ്റ് അധികൃതര്‍ ഞങ്ങളെ വന്ന് കണ്ടിരുന്നു. അവരുമായി സംസാരിച്ചു. കുറച്ചുകാലം അവരുടെ പരിപാടികളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്ന സ്ഥിതിയുണ്ടായിരുന്നു. അത് ഞങ്ങള്‍ അവരുമായി സംസാരിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള പരിപാടികളില്‍ ഞങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുകയും ചെയ്യും’, കോടിയേരി പറഞ്ഞു.

മാധ്യമങ്ങളോട് ശത്രുതയില്ലെന്നും ഇങ്ങോട്ട് സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ചായിരിക്കും തങ്ങള്‍ അങ്ങോട്ടുള്ള നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ക്ക് നിങ്ങളുടെ രാഷ്ട്രീയ നിലപാട് സ്വീകരിക്കാം, എന്നാൽ, സിപിഐ എം ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് പരിഗണിച്ച് സമീപിക്കണം’- കോടിയേരി പറഞ്ഞു.

ജൂലൈ 20 നാണ് ചാനല്‍ അവതാരകര്‍ ചര്‍ച്ചകളില്‍ പക്ഷപാതം കാണിക്കുന്നുവെന്നാരോപിച്ച് സിപിഐ എം ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണം ആരംഭിച്ചത്.

ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ സിപിഐ എം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ വ്യക്തമാക്കാനും പാര്‍ട്ടി നിലപാടുകള്‍ അറിയിക്കാനും സമയം തരാത്ത തരത്തിൽ അവതാരകൻ ഇടപെട്ടുവെന്ന് സിപിഐ എം ആരോപിച്ചിരുന്നു.

അവതാരകന്‍ ഒരു സാമാന്യ മര്യാദ പോലും കാണിക്കാതെ പ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ ഇടയില്‍ കയറുന്നെന്നും സി.പി.ഐ.എം ആരോപിച്ചിരുന്നു.

സിപിഐ എം നേതാവ് പി.രാജീവ് പങ്കെടുത്ത ചര്‍ച്ച പതിമൂന്നു തവണയും എം.ബി രാജേഷ് സംസാരിക്കുമ്പോള്‍ പതിനേഴ് തവണയും സ്വരാജ് സംസാരിക്കുമ്പോള്‍ പതിനെട്ടു തവണയുംഅവതാരകന്‍ തടസ്സപ്പെടുത്തിയെന്ന് സിപിഐ എം ആരോപണമുയർത്തി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *