നോർത്താംപ്ടണിൽ ചരിത്രം രചിക്കുന്ന മലയാളി വിദ്യാർത്ഥികൾ; യൂണിയൻ ഇലക്ഷനിൽ മുഴുവൻ പാനലിലും മത്സരിക്കുന്നു

നോർത്താംപ്ടൺ> കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. മലയാളികളുള്ള ലോകത്തിലെ ഏതുകോണിലും ഏറിയും കുറഞ്ഞും ഇത് ചർച്ചയ്ക്ക് വിഷയമാവുമെന്ന് ഉറപ്പ്.

എന്നാൽ, ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്ലാൻഡ് മേഖലയിൽ നെനെ നദീതീരത്ത് സ്ഥിതിചെയ്യുന്ന നോർത്താംപ്ടണിലെ ഒരുകൂട്ടം മലയാളി വിദ്യാർത്ഥികൾ ഇപ്പൊഴേ ചർച്ചയായിക്കഴിഞ്ഞു.

‘കച്ചവടത്തിന് വന്നവർ അധികാരികളായ’ പഴയ ചരിത്രത്തിൽ നിന്നും ‘സ്റ്റുഡന്റ്സ് വിസയിൽ എത്തിയവർ വിദ്യാർത്ഥി നേതാക്കളാകുന്ന’ പുതിയകാലത്തിന്റെ അഭിമാനകരമായ ചരിത്രം രചിക്കുകയാണ് ഈ മലയാളി വിദ്യാർത്ഥികൾ.

നോർത്താംപ്ടൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരം നടക്കുന്ന മുഴുവൻ പാനലിലേക്കും മത്സരിച്ചാണ് മലയാളി വിദ്യാർത്ഥികൾ ചരിത്രം സൃഷ്ടിക്കുന്നത്. സർവ്വകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് വിദ്യാർത്ഥിയൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ പാനലിലേക്കും മലയാളികൾ മത്സരിക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡിലും കേംബ്രിജിലും മലയാളി വിദ്യാര്‍ഥികള്‍ മത്സരിച്ചു ജയിച്ചിട്ടുണ്ടെങ്കിലും ഒരു പാനല്‍ ഒന്നടങ്കം മലയാളികളാകുന്നത് പുത്തൻ അനുഭവമാണ്.

രണ്ടാംവർഷ എം.എസ്.സി പ്രൊജക്ട് മാനേജ്മെന്റ് വിദ്യാർത്ഥിയും കോതമംഗലം സ്വദേശിയുമായ നിഖിൽ പോൾ ആണ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. രണ്ടാംവർഷ എം.എസ്.സി വിദ്യാർത്ഥിയും പാലക്കാട് സ്വദേശിയുമായ ശരത്ത് അയ്ലൂർ രവീന്ദ്രൻ എഡുക്കേഷൻ വെെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.

എം.എസ്.സി അകൗണ്ടിംഗ് ആൻഡ് ഫിനാൻസ് വിദ്യാർത്ഥി മെബിൻ പുറത്തുവേലിൽ ആണ് ഇന്റൻനാഷണൽ സ്റ്റുഡന്റ്സ് ഓഫീസർ സ്ഥാനാർത്ഥി. ഇദ്ദേഹം മലപ്പുറം നിലമ്പൂർ സ്വദേശിയാണ്.

എം.എസ്.സി പ്രൊജക്ട് മാനേജ്മെന്റ് വിദ്യാർത്ഥിയും കണ്ണൂർ സ്വദേശിയുമായ പ്രണവ് പവിത്രൻ സ്പോർട്സ് ഓഫീസർ സ്ഥാനത്തേക്ക് മത്സരിക്കുന്നു. വെൽഫയർ ആൻഡ് ആക്ടിവിറ്റീസ് വെെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശരത് ഗോപി മത്സരിക്കുന്നു. ശരത് ഗോപി തിരുവനന്തപുരം സ്വദേശിയാണ്.

എൻയുഎസ് ഡെലിഗേറ്റായി മത്സരിക്കുന്ന ഫിലിപ്പ് എബ്രഹാമിന് എതിരില്ല. ഇദ്ദേഹം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്.

തെരഞ്ഞെടുക്കപ്പെട്ടാൽ വിദ്യാർത്ഥി പക്ഷത്ത് നിന്നുകൊണ്ട് അവരുടെ ന്യായമായ എല്ലാ ആവശ്യങ്ങൾക്കൊപ്പവും നിലകൊള്ളുമെന്നും യൂണിവേഴ്സിറ്റി അധികൃതർക്ക് മുന്നിൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ യഥാസമയം വിഷയ ഗൗരവത്തോടുകൂടി അവതരിപ്പിക്കുകയും വിദ്യാർത്ഥി അനുകൂല നിലപാടിന് വേണ്ടി നിലകൊള്ളുമെന്നും മത്സരാർത്ഥികൾ ഉറപ്പുനൽകുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ഇവർ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ എത്തുന്നത്. കോവിഡാനന്തര കാലത്തെ പഠനത്തില്‍ മറ്റുരാജ്യങ്ങളിലെയടക്കം വിദ്യാര്‍ഥികള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുക എന്ന ലക്ഷ്യവും മലയാളി മത്സരാർത്ഥികൾക്കുണ്ട്. 

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം വലിയ പിന്തുണയാണ് വിദ്യാർത്ഥികളിൽ നിന്ന് ലഭിക്കുന്നത്. എതിർ സ്ഥാനാർത്ഥികൾ വ്യാജ അകൗണ്ടുകൾ ഉണ്ടാക്കി തങ്ങൾക്കെതിരെ പ്രചരണം നടത്തുന്നത് വിദ്യാർത്ഥികൾ തങ്ങളെ അംഗീകരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണെന്നും മലയാളി വിദ്യാർത്ഥികൾ പറയുന്നു.

പതിനാലായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സർവ്വകലാശാലയാണ് നോർത്താംപ്ടൺ. നൂറിലധികം രാജ്യങ്ങളിൽ നിന്നായി വർഷംതോറും ആയിരത്തോളം വിദേശ വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തുന്നു. അവരുടെ പ്രതിനിധികളായി മലയാളി വിദ്യാർത്ഥികൾ മത്സരിക്കുന്നത് അഭിമാനകരമാണ്.

ഫെബ്രുവരി 22ന് ആരംഭിച്ച തെരഞ്ഞെടുപ്പ് 24നാണ് പൂർത്തിയാവുക.

ജനാധിപത്യം നിലനിൽക്കുന്ന ലോകത്തിന്റെ ഏത്കോണിലെയും പ്രതിനിധികളായി മലയാളികൾ ഉയർന്നുവരാറുണ്ട്. വിവിധ രാജ്യങ്ങളിലെ പ്രവിശ്യാതെരഞ്ഞെടുപ്പുകളിലും കൗൺസിൽ തെരഞ്ഞെടുപ്പുകളിലും പ്രാദേശിക ഭരണത്തിലും മലയാളി സാന്നിദ്ധ്യം ഉണ്ടാകാറുണ്ട്.

യൂണിവേഴ്സിറ്റി ഓഫ് നോർത്താംപ്ടണിലെ മലയാളി മത്സരാർത്ഥികളും ഉയർത്തിപ്പിടിക്കുന്നത് ഉന്നതമായ ഈ ജനാധിപത്യബോധവും നേതൃപാടവവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *